Thursday, November 14, 2013



നിന്റെ മുറിയുടെ മഞ്ഞുകാലത്തിലൂടെ
പുതപ്പു തേടിപ്പോയവന്‍ 
എത്ര ഉഷ്ണ കാലം പിന്നിട്ടിരിക്കുമിപ്പോള്‍ 
നിന്നിലെയ്ക്ക് തിരിച്ചു നടക്കാന്‍ 
ഇനി എത്ര മഞ്ഞുകാലം വേണ്ടിവരും ..

Saturday, April 11, 2009

കലത്തില്‍ വായിക്കുമ്പോള്‍



പുരൂരുട്ടാതിയും പുത്രലബ്ധിയും
കലത്തില്‍ വായിക്കുന്ന അമ്മയ്ക്ക്
കാഞ്ഞിരത്തിന്റെ ഇല തന്നെ പഥ്യം ..!

വിറകു കൊള്ളി തേടിപ്പോയ അവരുടെ മകന്‍
ഇനിയും വീടണഞ്ഞില്ല
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കൈച്ചങ്ങല കുലുക്കി അവള്‍ പറയും ....!

കുഞ്ഞുടുപ്പും പപ്പാസുമിട്ട്‌
പുഴക്കടവില്‍ ചെന്നിരിക്കാറുണ്ട്ടായിരുന്ന
അവളുടെ മകന്
അക്ഷരങ്ങള്‍ തെളിഞ്ഞത്
കുസൃതിക്കല്ലെറിഞ്ഞു
പുഴയുടെ പച്ച ഞരമ്പുകള്‍
പൊട്ടിച്ചപ്പോഴായിരുന്നു
പക്ഷെ -
പൊട്ടിയ ഞരമ്പിന്റെ ആഴങ്ങളറി‌യാന്‍
അവന്‍ അവനെത്തന്നെ പുഴക്കെറിഞ്ഞു കൊടുത്തു

അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കാല്‍ച്ചങ്ങല കുലുക്കി അവള്‍ പറയും....

അന്തിക്കള്ളും ഒഴിഞ്ഞ കീശയുമായി
നടവരമ്പില്‍ കാലിടറി വീണ അവളുടെ കണവനെ
എത്ര തേച്ചിട്ടും കഴുകിയിട്ടും പോവാത്ത സര്‍പ്പ മുദ്രയോടെ
മണ്ണിനു വിട്ടുകൊടുത്തു

അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
മലവും മൂത്രവും കട്ട പിടിച്ച
തുടകള്‍ ഇളക്കി
അവള്‍ പറയും .......!!

Wednesday, August 13, 2008

ഉഷ്ണച്ചിറകുകള്‍

സമയമായ് ..സമയമായ്..
രഥമുരുളുന്നു
കനവും കിനാവും മെതിച്ചൊരാസന്നരാവും പറന്നെത്തി
യിനിയേതുകകുത്സലീലകളുന്ടുരയ്ക്കാന്‍
പുനരധിവാസ പഥികന്റെ കഥയെന്ത്ചൊല്‍വാന്‍ !

ദൈവമുണ്ണുന്ന തളികയില്‍
കരിന്തിരി കടഞ്ഞമ്മ പുരാണങ്ങളഴിയ്ക്കുന്നു നിത്യവും
സമയമായ് ..സമയമായ്..
രഥമുരുളുന്നു

തളരുന്ന സന്ധിയില്‍ കയ്പുനീര്‍ കറന്നു പിഴിയുന്നു കാലം ,
കഥയിതു പഴങ്കഥ ,പാര്‍ിന്റെ പൊരുളറിയാത്തോരന്ധന്റെ,
നേരിന്റെ നാരായവേരില്‍ ഉയിര്‍ക്കുന്ന,
നെറിവിന്റെ
കഥയെന്തു ചൊല്‍വാന്‍...

ധന്യത മഞ്ഞിന്റെ ശുഭ്രാലയങ്ങളില്‍
പാര്‍ക്കുന്ന പക്ഷിയുടെ പീഡിത രാത്രികള്‍

പകലറുതിയിത്-
ചുളിവീണ പോളകളിലെരിയുന്നുകാലം
സമയമായ് ..സമയമായ്..
രഥമുരുളുന്നു

അര്‍ത്ഥവുമനര്‍ത്ഥവും കൊത്തികൊറിച്ചിരിയ്ക്കുന്നുമാവിന്‍
തലപ്പത്തെകയാം നീടജം...
പോര്‍വിളിയില്ല ... പൂക്കളുമില്ല ...പുലരി തുടിയ്ക്കുമോ...!!

പുണര്‍ന്നും ഖേദങ്ങളഴിച്ചും
പരസ്പരം ജീവന്‍റെ ധര്‍മ്മയോലകളൊക്കെയും നനച്ച്....

ഉടലറിയുമോ ഉയിരിന്‍റെ ആധികളത്രയും
ഗതകാലമോഹവും
തുഴപറിഞ്ഞാര്‍ത്തയായ്മറയുന്ന
കൌമാര സന്ധ്യയും
ശോണ മിഴികളും ....

ഇല്ല
നിനക്കെകാനിനി,യിത്തരുണ ചിത്തഭ്രമഗുളികയിലിരുളുന്ന
പെക്കിനാവുകളെല്ലാതെ,യില്ല -
നിനക്കെകാനിനിയിച്ചിരകാല മൌനമെരിയിചൊരാഗ്നേയ
പതംഗങ്ങളല്ലാതെ മറ്റൊന്നുമേ .....!!
എങ്കിലും പരസ്പ്പരമുടല്‍ക്കെട്ടഴിച്ചൊരു -
ചുടുവീര്‍പ്പുമേകിപ്പിരിയാം നമുക്കിനി
വരിക നീ ..

ശുക്ല പക്ഷങ്ങളും ,ശനികളും ,കൂരിരുട്ടിന്‍റെ
ഞരക്കങ്ങളെപ്പിളര്‍നെത്തുമാ കുടിശികക്കാരന്‍റെ-
യമ്പുകള്‍ മാന്തിപ്പൊളിയ്ക്കുന്നതിന്‍മുന്പ്
വരിക നീ ....

നേരിന്‍റെയായാസ ചേതസ്സില്‍ പടര്‍ന്നുകൊത്തുമാ
നിഴലിന്‍റെ കൂടാര വിള്ളലില്‍ ഇടറി വീഴുന്നതിന്‍ മുന്പ്
വരിക നീ ....
സമയമായ് ..സമയമായ്..
രഥമുരുളുന്നു ..

കരിയിലമൃതിയുടെ നിനവായുയിര്‍ക്കുന്നുവെങ്കിലും...
ദ്രുതശാന്തതപകരുമീ ,
തുറമുഖവാതിലില്‍ വന്നിരിയ്ക്കാം..
നമുക്കിക്കരച്ചലിന്‍ പടികളില്‍ കുഴഞ്ഞുവീയുന്നതിന്‍ മുന്പ്.....
അണയുമീ രാത്രിയും
നക്ഷത്ര മക്കളും ....

വരികില്ല നീ,യെത്രസംവത്സരങ്ങള്‍ക്കുമപ്പുറത്തുനിന്നും
കാത്തിരിപ്പിന്‍റെയാറ്റിത്തണുത്ത-
വിരലുകള്‍ കൊണ്ടെന്‍മുഖപടലങ്ങളില്‍
സര്‍പ്പമുദ്രകള്‍ കോര്‍ക്കാന്‍..
കാവല്‍ കിടയ്ക്കുമീ ശ്യാമാനിഴലിന്റെ
തോരാത്ത മിഴികളില്‍ വായിച്ചെടുക്കുന്നു
നിന്‍സ്പര്‍ശരന്ദ്രങ്ങളൊക്കെയും
സമയമായ് ..സമയമായ്..
രഥമുരുളുന്നു ..

ചൂരല്‍കഷായചവര്‍പ്പില്‍ പുലര്‍ന്നരോണനിലാവിന്‍റെ
ഓര്‍‍മ്മയുംകുടിച്ച്‌
കാത്തിരിപ്പിന്‍റെ ജന്മാന്തമീറനാം
കഴ്ച്ചപ്പുറത്ത് വന്നുവീഴുന്നു നീ പിന്നെയും,
പിറവിയുടെ കൈത്തലം തേടിതളര്‍ന്നോരാതുര
നിദ്രയുടെ കടംപോല്‍ സഖീ ....

തമ്മില്‍ പിണങ്ങി,യൊരുകുസൃതിചിരിയാലുള്ളില്‍
പകുത്തോരാമഴക്കാല വസതിയും ,
പുലരിത്തുടുപ്പില്‍ ,തിമര്ത്താടിനടന്നൊരാ,
തൊടിയിലൊളിപ്പിച്ച
ഋതുക്കളും സ്വപ്നശകലങ്ങളും
പുഴയില്‍ മരിച്ച സന്ധ്യാകുംഭവും
കാനല്‍ജലം ദാഹനീരിനെശമിപ്പിച്ച ..
കന്യക പടര്‍ന്നാടിയ നാരായവേദനയിലുണര്‍ന്നും ..

നെറുകയില്‍ മുളയ്ക്കുന്നു
സര്‍പ്പഗന്ധികള്‍
ശ്യാമപക്ഷങ്ങള്‍
കല്‍ത്തുറുങ്കുകള്‍
മണ്‍ ചിരാതിന്റെ വിറയലും !
കാല്‍ചിലമ്പഴിക്കേണ്ട
പ്രാണനില്‍മീട്ടുകീയൊടുക്കത്തെ
കാകാള പക്ഷങ്ങള്‍ ....

പാറകളുടച്ചും
സംഹാരതാണ്ഡവനടന വേഗങ്ങളില്‍
പേമാരിയായൊരു , കടുംച്ചുഴലിയായ്
നിറയുക നീയെന്നില്‍
ഉണരട്ടെ ഞാനീ ശരീരത്തില്‍നിന്ന്......

ഉളിവീണ കല്ലില്‍പുരനട്ടസ്വാദ്ധിയ്ക്ക്
പഴങ്കഥയിലൊരുവളപ്പൊട്ടും
ഉഷ്ണം പകുത്തോരാസന്ധ്യാകുംഭവും

കൊമ്പും കലപ്പയുടെ തണ്ടുംപിടിച്ചുകൊണ്ടൊരു
ദ്രുതതാളമുള്ളില്‍ പിറക്കുന്നു
കുരുതിക്കളമൊരുങ്ങുന്നു
മണ്ചിരാതുക്കളൊക്കെയും കണ്ണുകള്‍ പൂട്ടുന്നു
കനവും കിനാവും മെതിച്ചൊരാസന്നരാവും പറന്നെത്തി,
യിനിയേതുകകുത്സലീലകളുന്ടുരയ്ക്കാന്‍
പുനരധിവാസ പഥികന്റെ കഥയെന്ത്ചൊല്‍വാന്‍ !

സമയമായ് ..സമയമായ്..
രഥമുരുളുന്നു ..!!!

പ്രവാസിയുടെ ആല്‍ബം


















വര- ആമിയ



പെങ്ങള്‍
കൗമാരത്തിന്റെ പുലരിയ്ക്കും മുമ്പേ
തീര്‍ത്ഥ ടാനത്തിനു ഇറങ്ങിയവള്‍
നാഴിക മണിയുടെ മുഴക്കവും
നാഴികയുടെ പെരുക്കവും
അറിയുംപോയെക്കും
തിരിച്ചു നടക്കാനുള്ള വഴികളത്രയും
ഇരുളും കടലും
പങ്കു വെച്ച് എടുത്തിരുന്നു ...

യാത്ര

യാത്ര ചെയ്യുകയെന്നാല്‍
എല്ലാ വേഷങ്ങളും അഴിച്ചു മാറ്റലാണ്
അറിവും പുസ്തകങ്ങളും
മാലിന്യ മാക്കിയ
ജീവിതത്തിന്റെ കുപ്പായങ്ങള്‍ ...!!


ധ്യാനം

പോക്കുവേയിളിനും
വയല്‍ വരമ്പിന്നുമിടയില്‍
തവളകളുടെ പച്ച ക്കണ്ണില്‍
ഇരുട്ട് വീഴുമ്പോള്‍
മിത്തു എന്നാ മൂന്നു വയസ്സുകാരന്‍ പുനര്‍ജനിയ്ക്കുന്നു .!

ജനനം

മഴയുടെ സത്ത സ്മാരകം പോലെ പൂക്കുന്ന
മഴപ്പുല്ലിലാണ് അവളുടെ ജനനം


മരണം

ഞാന്‍ നട്ട പെരില്ലാമാരത്തിന്റെ
കട്ടിലില്‍ അവള്‍ വിശ്രമിയ്ക്കുന്നു ..!

കൈനോട്ടത്തിന്റെ ഏഴാം പക്കം





വര - ആമിയ


ഇന്നലെയും ഒരു കുട്ടി
മനപ്പുറത്തു കയറി സവാരി ചെയ്യാന്‍ എത്തിയിരുന്നു

പുരാവൃത്തങ്ങളുടെ അന്തിചോപ്പിലെയ്ക്ക്
കൈ പിടിച്ച മുത്തശ്ശിയിപ്പോള്‍ ജീവിച്ചിരിപ്പില്ല

ഒറ്റ വിരലിന്റെ കിനാവും
ഗന്ടീവത്തിന്റെ വേനലും കടന്നവനക്കരെയെത്തണം
തെരുവുകളിലുടഞ്ഞ കണ്ണാടിയില്‍ നിന്നും
പ്രതിബിംബങ്ങള്‍ കോര്‍ത്ത്‌ കെട്ടി
നാവൂരിന് ഒരിശ്ല്‍ ചമയ്ക്കണം
പിതൃദാഹങ്ങളുടെ മണ്ണടരില്‍
കൃഷ്ണ മണികള്‍ പറിച്ചുനട്ട
പെങ്ങള്‍ക്ക്
കളിമണ്ണില്‍ നിന്നും കാഴ്ച വീന്റെടുക്കണം

പൂതിയും പൈദാഹവും
കൂനയിലോളിപ്പിച്ച
ചെട്ടത്തിപ്പശുവിനു
രക്തത്തിന്റെ
വിലാപ നദിയില്‍ നിന്നും
ഒരില വീന്റെടുക്കണം
ദാഹത്തിനും ദമനത്തിനും ഇടയ്ക്ക്
വാവ് ബലിയുടെ കാക്ക
ഇനിയും പറന്നു അണഞ്ഞിട്ടില്ല

നിരാസത്തിന്റെ കോണിപ്പടിയില്‍ നിന്നും
നിരലംബത്തിന്റെ ഉപമയില്‍ കുടുങ്ങിയ
നിലാവിനെ വീന്റെടുക്കണം

നിദ്രയുടെ അടുപ്പില്‍
രക്തത്തിന്റെ നദി പിന്നെയും പതയുന്നു
ജാലവിദ്യ ക്കാരന്‍ എറിഞ്ഞ വടി
തിരസ്ക്കാരത്തിന്റെ സര്‍പ്പ യജ്ഞം
ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല

തൊട്ടിയുടെ ദാഹത്തിനു
ഇന്കുബാറ്റെരിന്റെ അതിശീതയാമം

കുടിലിനു തീ വെച്ചത്
കൈനോട്ടത്തിന്റെ ഏഴാം പക്കം...

കുതിരയുടെ പടയോട്ടത്തിനു
കൂനിപ്പോയവളുടെ കാഴ്ചയില്‍ നിന്നും
മഴവില്ലിന്റെ പിറക്കാത്ത തൂവല്‍

നേതിയുടെ ശിരസ്സില്‍ നിന്നും
കുരിശു വേനലിന്റെ പക്ഷി ചിറകു നീര്‍ത്തുന്നു

നിഷാദനും കിളിയ്ക്കുമിടയില്‍
ഭൂമിയുടെ ഞരമ്പ് പൊട്ടി
സീത പിറയ്ക്കുന്നു

പടിയടച്ചു കൊളുത്തിട്ട്
കഥയിലൊരു -
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പുറപ്പെടുന്നു .....!!!
-

അസൈനാര്‍

Tuesday, August 12, 2008

ഇന്ദ്രിയങ്ങളുടെ രാത്രി



വര - ആമിയ
അശാന്തിയുടെ താളിയോലകളില്‍
കണ്ണ് ഓര്‍മയുടെ അക്ഷരപ്പൂട്ടാണ് .
പുത്ര വാത്സ്യത്തിന്റെ വേനല്‍ കടന്നു വേണം
പൂര്‍ണ്ണകായ പ്രതിമയുടെ മനസ്സറിയാന്‍ .
പശുക്കുട്ടിയും
പരമഹംസരും
ധ്യാനം മുറിഞ്ഞു വിളറുന്നു..


പക്ഷെ
ചരിത്രം അശോകനെ മറക്കില്ല
അശോകന്‍ ചരിത്രത്തെ മറന്നാലും .!
വഴിയില്‍ തോറ്റത്തിനു
നാവരുത്തു പകരം വീട്ടിയത്
പുലയാട്ടിന്‍റെ പന്ത്രന്റ്ടാം മണിക്കൂറില്‍ .
വാരിക്കുഴിയില്‍ അന്ധന്‍റെ
കാല്‍ മാത്രം തെന്നി വീഴുന്നില്ല .
ഒടിഞ്ഞ പാലങ്ങളുടെ അങ്ങേക്കരയില്‍ നിന്നും
വസന്തത്തിന്‍റെ ചിറകുകള്‍
മുള്ളും വേലിയും കടന്നു
കടവും കൈതോടും പിന്നിട്ട്
നിര്‍മമതയുടെ മെത്തയിലേക്ക് എത്തുമെന്ന് പ്രവചിചെത്
എന്റെ സതീര്ത്യ ...
പക്ഷെ -
മുള്ളിന്‍റെ ഹൃദയമാണ് പൂവിന്‍റെ ആയുസ്സെന്നു
അവള്‍ക്ക് അറിയുമോ ...
ജ്ഞാനം തന്ന വിരലും
കോപം തിന്നെര്‍ത്ത പാദവും
ചൂരല്‍ മറുകില്‍ ഉടക്കിയ സന്ധ്യയും
അമ്പ് എറിഞ്ഞതിന്നു
അത്താഴ മറവില്‍
കൃഷ്ണ മണികളുടെ കനവുപകുത്തമ്മ .
കാടും കാട്ടുമുള്ളിന്റെ മുനയും
കുരുതി സ്മൃതി അയവിറയ്ക്കുമ്പോള്‍
അതെ, നേട്ടങ്ങളുടെ താളിയോലകളില്‍
കണ്ണ് ഓര്‍മയുടെ താക്കോല്‍ പൂട്ടാണ്.
ഗന്ധങ്ങളുടെ വാര്‍ഡിലൂടെയാണ്
പന്ത്രണ്ടാം മണിയുടെ ഞരക്കമറ്റത്
മാളോരും മാലാഖയും വെടിഞ്ഞ
ഇടനാഴിയില്‍ വെച്ചാണ്‌
പെങ്ങള്‍ ഋതുമതിയായത്
രക്തത്തിന്റെയും മുലപ്പാലിന്റെയും ചൂരുള്ള
ഈ ഇടനാഴി
ഏത് ലോകത്തെ ബന്ധിപ്പിയ്ക്കുന്ന
കണ്ണിയാണ് ഗൌതമാ ...
ക്രോധത്തിന്റെ കടല്‍മഴ നനഞ്ഞു
കാത്തിരിപ്പിന്റെ വേനലുരുക്കി
പന്ത്രണ്ടാം മണിയുടെ ഞരമ്പിലൂടെ
ചിറകടിച്ചു എത്തുന്ന വിപത്ത് സന്ദെഹങ്ങളിലേയ്ക്ക് ....
നിന്റെ ദാഹങ്ങളുടെ യോജനകളില്‍ നിന്ന്
പടവുകളുടെ എണ്ണമറ്റ തിരിവുകളിലൂടെ
ഒരു ബലിക്കാക്ക
പാഥേയത്തിന്‍റെ നനവുകളിലെയ്ക്ക്
ചിറകു തുഴഞ്ഞെത്തും
അപ്പോള്‍
എനിയ്ക്കും നിനക്കുമിടയില്‍ നിന്ന്
നരകത്തോളം വേരിറങ്ങുന്ന ഗ്രിഹതുരത്വതിന്ടെ
വേലിയേറ്റത്തില്‍ അവന്‍ തലയുയര്‍ത്തും
ഖേദങ്ങളുടെ
പട്ടത്തിന്‍ ചോട്ടില്‍ നിന്നും
ആകാശത്തിന്റെ മിഴിയിലെയ്ക്ക്
അവന്‍ അവന്റെ ചൂണ്ടു വിരല്‍ തൊടുത്തു വിടും
ആഹ്ലാദത്തിനും ആഘാതത്തിനുമിടയ്ക്കു
തിരസ്കൃതന്റെ നിദ്രകളില്‍
സ്വപ്നത്തിന്റെ ഏണിയും പാമ്പും കളിയ്ക്ക്
നീ കൂട്ടിനു ഉണ്ടാവണം .
ഇതാ -
എനിയ്ക്കും നിനയ്ക്കുമിടയില്‍ നിന്നു
ആല്‍ബട്രോസിന്റെ ചിറകുകള്‍ ഘനം വെയ്ക്കുന്നു
സന്ദേഹങ്ങളുടെ ചെവിപ്പാളത്തിലൂടെ
കടന്നു പോയ രാത്രിവണ്ടിയില്‍
കറുപ്പും വെളുപ്പുമായ്‌
പരസ്പ്പരം പിരിഞ്ഞതിനു
മെഴുക് തിരികളുടെ നെഞ്ചിടിപ്പും ഭേദിച്ച്
ഉടലിന്റെ പ്രതപങ്ങളിലെയ്ക്ക്
നീ
നിന്റെ ആവനാഴി തുറയ്ക്കുക
തൊടുത്തു വിടുന്ന ഓരോ അമ്പും
ഓരോ ജന്മത്തിന്റെയും അടയളമാവട്ടെ ..
മൃതിയുടെ മുലപ്പാല്‍ കുടിച്ചു
തളര്‍ന്നു വീഴുന്നതിന്‍ മുന്‍പ്
നീയൊരു കൊടും കാറ്റിന്റെയോ
പെമാരിയുടെയോ രൂപത്തില്‍ വരിക
അതെ ..
നേട്ടങ്ങളുടെയും
കോട്ടങ്ങളുടെയും
താളിയോലകളില്‍
കണ്ണ് ഓര്‍മ്മകളുടെ അക്ഷരപ്പൂട്ടാകുന്നു .!!!

പ്രവാസിയുടെ മണ്ണ്










വര :അസൈനാര്‍
രുത്
സങ്കടങ്ങള്‍ അരുത്
ഇതൊരഴിമുഖമാണ്
മിടിച്ചവസാനിക്കുന്ന
സന്ധ്യയുടെ വ്യസന ചിറകുകള്‍ക്കും ,
കപ്പിത്താന്റെ ഉള്‍വിളി പങ്കിട്ടുണരുന്ന
കടലിന്നും ,
തുറമുഖ വാതിലില്‍
കൈവീശിക്കടന്നു പോയ -
സുഹൃത്തിനുമിടയില്‍ ,
സഞ്ചാരിയുടെ ആത്മഗതങ്ങളും പെരുകുന്നു..
എന്നിട്ടും -
കരയിലൊരു തിര
കടല്‍ മറന്നു
കഥ മറന്നു
കളി മറന്നു
കിനാവുകളുടെ നിദ്രാരാഹിത്യത്തില്‍
സ്വയം മറന്ന് ......
നിനക്ക് വായിക്കാന്‍
ഇതാ
ഉരകല്ലും അത്താണിയും മറന്ന
ഒരു വൈകുന്നേരം ...
പുകക്കണ്ണാടിയിലെ ധവളരാശിയിലളിഞ്ഞു പോയ
കൗമാരത്തിന്റെ ജഡം ..!
അജ്ഞാത വാസത്തിനും
അജ്ഞാത ശവത്തിനും
ഒരേ ഗന്ധം ...
ആല മറന്ന പെങ്ങളും
ആതുരാലയത്തിലെ ചെടികളും
ഒരേ പ്രണയത്തിന്റെ
വേനല്‍ പങ്കിടുന്നു
(പൈദാഹങ്ങളുടെ അമാവാസികളില്‍
ഭൂഘന്ട്ടങ്ങള്‍ക്ക് പെയ്തിറങ്ങാന്‍
അസ്ഥിയും ഹൃദയവും തുറന്നു കൊടുത്തവള്‍ക്ക്
നിറങ്ങളുടെ പാപത്തറയില്‍
ഇതാ - പ്രവാസത്തിന്റെ ഒരു ഒലിവില....)
തിരോധാനത്തിന്റെ പുലര്‍ച്ചയില്‍
ഇടതു കാലിന്റെ മഹിമയും
പരം പൊരുളിന്റെ വായ്ത്താരിയില്‍
അഴിഞ്ഞുലഞ്ഞ ചന്ദസ്സും .
നിനക്ക് വായിക്കുവാന്‍
ഇതാ
ദേഹിയുടെ മൊഴിയും
വൈദേഹിയുടെ പെരുവിരലും ..
കന്നിമാങ്ങകള്‍ക്കും കണ്‍നീലിമയ്ക്കും
ഇടയിലാണ് ജനനം ..
ഇതാ നിനക്ക് വായിക്കുവാന്‍
വാക്ക് കൊത്തിയ മൗനത്തിലൂടെ
കുന്നിറങ്ങി പോയവന്റെ
അത്താഴത്തിന്റെ നനവ്
നിന്റെ സ്വാസ്ഥ്യങ്ങളുടെ
ചുഴികളിലേയ്ക്ക്
കടലിന്റെ ഗാഡനിശബ്ദത
പറിച്ചു നട്ടതിന്
ഇവന്
ശിക്ഷയായ്
കല്പിച്ചാലും ......!!!

ഒറ്റയില തണല്‍












വര : ആമിയ


ആകയാല്‍ ,
നാം പിന്നെയും
ഒറ്റയില തണലില്‍
കാലത്തിന്റെ പരദൂഷണങ്ങളില്‍ നിന്നും
കാഞ്ഞിരത്തിന്റെ അടിയറവുകളില്‍ നിന്നും
മോചനം തേടി ........!

നീ പറഞ്ഞു :
തിറയാട്ടവും കുഴലൂത്തും കഴിഞ്ഞു
കൈനോട്ടക്കാരിയുടെ പ്രവചനങ്ങളെ ഭേദിക്കുന്ന
തത്തയുടെ വ്യസനങളില്‍ നിന്നും
നിര്‍വ്വേട്ത്തിന്റെ പുഴ കടന്നു
തെക്കേ മുറിയുടെ ഒറ്റയില തണലില്‍ .....!

നീ പറഞ്ഞു ,
കാറ്റും കോളും കോമാളിയും
കര്‍ക്കടകത്തിന്റെ വേവലാതികളും
കടത്തിണ്ണയിലെ വേനലും മറന്നു
വാക്ക് പിഴിഞ്ഞ്
നോക്കു മടക്കി
ഉറിയുടച്ചു കിനാവുരുക്കി
കുളമ്പടിയില്‍ കോര്‍ത്ത
നിദ്രയും വെടിഞ്ഞു
ഒറ്റയില തണലില്‍ .....!

നീ പറഞ്ഞു
തോടും തൊടിയും
തൊട്ടാവാടിയും
തട്ടിന്‍പുറത്തെ മയില്പീലികുഞ്ഞും
തളര്‍വാത ശയ്യയില്‍
പുലരുന്ന മുത്ചശ്ശിയമ്മയും
പാക്കലാം പാക്കലാം
പാടിപ്പറക്കുന്ന പോക്കരുകുട്ടിയും ..!

നീ പറഞ്ഞു
കിളച്ച നിലവും
കുളിച്ച കുളവും
കുടിയാന്റെ പാട്ടയില്‍
പൊരിയുന്ന സൂര്യനും
തെവിടിപ്പാട്ടിന്റെ നെഞ്ചില്‍
അണയുന്ന സന്ധ്യയും
കലന്ടരിന്‍ കള്ളിയില്‍
പുകയുന്ന ഭ്രൂണവും
മറന്ന് ,
പരസ്പരം നനഞ്ഞു
പരസ്പരം ഉണക്കി
നേരായ നേരല്ലാം
കൂവളത്തില്‍ പൊതിഞ്ഞു
ഒറ്റയില തണലില്‍ .....
തിരസ്കൃത ശയ്യയില്‍ .....!

-അസൈനാര്‍ -