Tuesday, August 12, 2008

പ്രവാസിയുടെ മണ്ണ്










വര :അസൈനാര്‍
രുത്
സങ്കടങ്ങള്‍ അരുത്
ഇതൊരഴിമുഖമാണ്
മിടിച്ചവസാനിക്കുന്ന
സന്ധ്യയുടെ വ്യസന ചിറകുകള്‍ക്കും ,
കപ്പിത്താന്റെ ഉള്‍വിളി പങ്കിട്ടുണരുന്ന
കടലിന്നും ,
തുറമുഖ വാതിലില്‍
കൈവീശിക്കടന്നു പോയ -
സുഹൃത്തിനുമിടയില്‍ ,
സഞ്ചാരിയുടെ ആത്മഗതങ്ങളും പെരുകുന്നു..
എന്നിട്ടും -
കരയിലൊരു തിര
കടല്‍ മറന്നു
കഥ മറന്നു
കളി മറന്നു
കിനാവുകളുടെ നിദ്രാരാഹിത്യത്തില്‍
സ്വയം മറന്ന് ......
നിനക്ക് വായിക്കാന്‍
ഇതാ
ഉരകല്ലും അത്താണിയും മറന്ന
ഒരു വൈകുന്നേരം ...
പുകക്കണ്ണാടിയിലെ ധവളരാശിയിലളിഞ്ഞു പോയ
കൗമാരത്തിന്റെ ജഡം ..!
അജ്ഞാത വാസത്തിനും
അജ്ഞാത ശവത്തിനും
ഒരേ ഗന്ധം ...
ആല മറന്ന പെങ്ങളും
ആതുരാലയത്തിലെ ചെടികളും
ഒരേ പ്രണയത്തിന്റെ
വേനല്‍ പങ്കിടുന്നു
(പൈദാഹങ്ങളുടെ അമാവാസികളില്‍
ഭൂഘന്ട്ടങ്ങള്‍ക്ക് പെയ്തിറങ്ങാന്‍
അസ്ഥിയും ഹൃദയവും തുറന്നു കൊടുത്തവള്‍ക്ക്
നിറങ്ങളുടെ പാപത്തറയില്‍
ഇതാ - പ്രവാസത്തിന്റെ ഒരു ഒലിവില....)
തിരോധാനത്തിന്റെ പുലര്‍ച്ചയില്‍
ഇടതു കാലിന്റെ മഹിമയും
പരം പൊരുളിന്റെ വായ്ത്താരിയില്‍
അഴിഞ്ഞുലഞ്ഞ ചന്ദസ്സും .
നിനക്ക് വായിക്കുവാന്‍
ഇതാ
ദേഹിയുടെ മൊഴിയും
വൈദേഹിയുടെ പെരുവിരലും ..
കന്നിമാങ്ങകള്‍ക്കും കണ്‍നീലിമയ്ക്കും
ഇടയിലാണ് ജനനം ..
ഇതാ നിനക്ക് വായിക്കുവാന്‍
വാക്ക് കൊത്തിയ മൗനത്തിലൂടെ
കുന്നിറങ്ങി പോയവന്റെ
അത്താഴത്തിന്റെ നനവ്
നിന്റെ സ്വാസ്ഥ്യങ്ങളുടെ
ചുഴികളിലേയ്ക്ക്
കടലിന്റെ ഗാഡനിശബ്ദത
പറിച്ചു നട്ടതിന്
ഇവന്
ശിക്ഷയായ്
കല്പിച്ചാലും ......!!!

No comments: