Showing posts with label കലത്തില്‍ വായിക്കുമ്പോള്‍. Show all posts
Showing posts with label കലത്തില്‍ വായിക്കുമ്പോള്‍. Show all posts

Saturday, April 11, 2009

കലത്തില്‍ വായിക്കുമ്പോള്‍



പുരൂരുട്ടാതിയും പുത്രലബ്ധിയും
കലത്തില്‍ വായിക്കുന്ന അമ്മയ്ക്ക്
കാഞ്ഞിരത്തിന്റെ ഇല തന്നെ പഥ്യം ..!

വിറകു കൊള്ളി തേടിപ്പോയ അവരുടെ മകന്‍
ഇനിയും വീടണഞ്ഞില്ല
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കൈച്ചങ്ങല കുലുക്കി അവള്‍ പറയും ....!

കുഞ്ഞുടുപ്പും പപ്പാസുമിട്ട്‌
പുഴക്കടവില്‍ ചെന്നിരിക്കാറുണ്ട്ടായിരുന്ന
അവളുടെ മകന്
അക്ഷരങ്ങള്‍ തെളിഞ്ഞത്
കുസൃതിക്കല്ലെറിഞ്ഞു
പുഴയുടെ പച്ച ഞരമ്പുകള്‍
പൊട്ടിച്ചപ്പോഴായിരുന്നു
പക്ഷെ -
പൊട്ടിയ ഞരമ്പിന്റെ ആഴങ്ങളറി‌യാന്‍
അവന്‍ അവനെത്തന്നെ പുഴക്കെറിഞ്ഞു കൊടുത്തു

അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കാല്‍ച്ചങ്ങല കുലുക്കി അവള്‍ പറയും....

അന്തിക്കള്ളും ഒഴിഞ്ഞ കീശയുമായി
നടവരമ്പില്‍ കാലിടറി വീണ അവളുടെ കണവനെ
എത്ര തേച്ചിട്ടും കഴുകിയിട്ടും പോവാത്ത സര്‍പ്പ മുദ്രയോടെ
മണ്ണിനു വിട്ടുകൊടുത്തു

അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
മലവും മൂത്രവും കട്ട പിടിച്ച
തുടകള്‍ ഇളക്കി
അവള്‍ പറയും .......!!