Wednesday, August 13, 2008

ഉഷ്ണച്ചിറകുകള്‍

സമയമായ് ..സമയമായ്..
രഥമുരുളുന്നു
കനവും കിനാവും മെതിച്ചൊരാസന്നരാവും പറന്നെത്തി
യിനിയേതുകകുത്സലീലകളുന്ടുരയ്ക്കാന്‍
പുനരധിവാസ പഥികന്റെ കഥയെന്ത്ചൊല്‍വാന്‍ !

ദൈവമുണ്ണുന്ന തളികയില്‍
കരിന്തിരി കടഞ്ഞമ്മ പുരാണങ്ങളഴിയ്ക്കുന്നു നിത്യവും
സമയമായ് ..സമയമായ്..
രഥമുരുളുന്നു

തളരുന്ന സന്ധിയില്‍ കയ്പുനീര്‍ കറന്നു പിഴിയുന്നു കാലം ,
കഥയിതു പഴങ്കഥ ,പാര്‍ിന്റെ പൊരുളറിയാത്തോരന്ധന്റെ,
നേരിന്റെ നാരായവേരില്‍ ഉയിര്‍ക്കുന്ന,
നെറിവിന്റെ
കഥയെന്തു ചൊല്‍വാന്‍...

ധന്യത മഞ്ഞിന്റെ ശുഭ്രാലയങ്ങളില്‍
പാര്‍ക്കുന്ന പക്ഷിയുടെ പീഡിത രാത്രികള്‍

പകലറുതിയിത്-
ചുളിവീണ പോളകളിലെരിയുന്നുകാലം
സമയമായ് ..സമയമായ്..
രഥമുരുളുന്നു

അര്‍ത്ഥവുമനര്‍ത്ഥവും കൊത്തികൊറിച്ചിരിയ്ക്കുന്നുമാവിന്‍
തലപ്പത്തെകയാം നീടജം...
പോര്‍വിളിയില്ല ... പൂക്കളുമില്ല ...പുലരി തുടിയ്ക്കുമോ...!!

പുണര്‍ന്നും ഖേദങ്ങളഴിച്ചും
പരസ്പരം ജീവന്‍റെ ധര്‍മ്മയോലകളൊക്കെയും നനച്ച്....

ഉടലറിയുമോ ഉയിരിന്‍റെ ആധികളത്രയും
ഗതകാലമോഹവും
തുഴപറിഞ്ഞാര്‍ത്തയായ്മറയുന്ന
കൌമാര സന്ധ്യയും
ശോണ മിഴികളും ....

ഇല്ല
നിനക്കെകാനിനി,യിത്തരുണ ചിത്തഭ്രമഗുളികയിലിരുളുന്ന
പെക്കിനാവുകളെല്ലാതെ,യില്ല -
നിനക്കെകാനിനിയിച്ചിരകാല മൌനമെരിയിചൊരാഗ്നേയ
പതംഗങ്ങളല്ലാതെ മറ്റൊന്നുമേ .....!!
എങ്കിലും പരസ്പ്പരമുടല്‍ക്കെട്ടഴിച്ചൊരു -
ചുടുവീര്‍പ്പുമേകിപ്പിരിയാം നമുക്കിനി
വരിക നീ ..

ശുക്ല പക്ഷങ്ങളും ,ശനികളും ,കൂരിരുട്ടിന്‍റെ
ഞരക്കങ്ങളെപ്പിളര്‍നെത്തുമാ കുടിശികക്കാരന്‍റെ-
യമ്പുകള്‍ മാന്തിപ്പൊളിയ്ക്കുന്നതിന്‍മുന്പ്
വരിക നീ ....

നേരിന്‍റെയായാസ ചേതസ്സില്‍ പടര്‍ന്നുകൊത്തുമാ
നിഴലിന്‍റെ കൂടാര വിള്ളലില്‍ ഇടറി വീഴുന്നതിന്‍ മുന്പ്
വരിക നീ ....
സമയമായ് ..സമയമായ്..
രഥമുരുളുന്നു ..

കരിയിലമൃതിയുടെ നിനവായുയിര്‍ക്കുന്നുവെങ്കിലും...
ദ്രുതശാന്തതപകരുമീ ,
തുറമുഖവാതിലില്‍ വന്നിരിയ്ക്കാം..
നമുക്കിക്കരച്ചലിന്‍ പടികളില്‍ കുഴഞ്ഞുവീയുന്നതിന്‍ മുന്പ്.....
അണയുമീ രാത്രിയും
നക്ഷത്ര മക്കളും ....

വരികില്ല നീ,യെത്രസംവത്സരങ്ങള്‍ക്കുമപ്പുറത്തുനിന്നും
കാത്തിരിപ്പിന്‍റെയാറ്റിത്തണുത്ത-
വിരലുകള്‍ കൊണ്ടെന്‍മുഖപടലങ്ങളില്‍
സര്‍പ്പമുദ്രകള്‍ കോര്‍ക്കാന്‍..
കാവല്‍ കിടയ്ക്കുമീ ശ്യാമാനിഴലിന്റെ
തോരാത്ത മിഴികളില്‍ വായിച്ചെടുക്കുന്നു
നിന്‍സ്പര്‍ശരന്ദ്രങ്ങളൊക്കെയും
സമയമായ് ..സമയമായ്..
രഥമുരുളുന്നു ..

ചൂരല്‍കഷായചവര്‍പ്പില്‍ പുലര്‍ന്നരോണനിലാവിന്‍റെ
ഓര്‍‍മ്മയുംകുടിച്ച്‌
കാത്തിരിപ്പിന്‍റെ ജന്മാന്തമീറനാം
കഴ്ച്ചപ്പുറത്ത് വന്നുവീഴുന്നു നീ പിന്നെയും,
പിറവിയുടെ കൈത്തലം തേടിതളര്‍ന്നോരാതുര
നിദ്രയുടെ കടംപോല്‍ സഖീ ....

തമ്മില്‍ പിണങ്ങി,യൊരുകുസൃതിചിരിയാലുള്ളില്‍
പകുത്തോരാമഴക്കാല വസതിയും ,
പുലരിത്തുടുപ്പില്‍ ,തിമര്ത്താടിനടന്നൊരാ,
തൊടിയിലൊളിപ്പിച്ച
ഋതുക്കളും സ്വപ്നശകലങ്ങളും
പുഴയില്‍ മരിച്ച സന്ധ്യാകുംഭവും
കാനല്‍ജലം ദാഹനീരിനെശമിപ്പിച്ച ..
കന്യക പടര്‍ന്നാടിയ നാരായവേദനയിലുണര്‍ന്നും ..

നെറുകയില്‍ മുളയ്ക്കുന്നു
സര്‍പ്പഗന്ധികള്‍
ശ്യാമപക്ഷങ്ങള്‍
കല്‍ത്തുറുങ്കുകള്‍
മണ്‍ ചിരാതിന്റെ വിറയലും !
കാല്‍ചിലമ്പഴിക്കേണ്ട
പ്രാണനില്‍മീട്ടുകീയൊടുക്കത്തെ
കാകാള പക്ഷങ്ങള്‍ ....

പാറകളുടച്ചും
സംഹാരതാണ്ഡവനടന വേഗങ്ങളില്‍
പേമാരിയായൊരു , കടുംച്ചുഴലിയായ്
നിറയുക നീയെന്നില്‍
ഉണരട്ടെ ഞാനീ ശരീരത്തില്‍നിന്ന്......

ഉളിവീണ കല്ലില്‍പുരനട്ടസ്വാദ്ധിയ്ക്ക്
പഴങ്കഥയിലൊരുവളപ്പൊട്ടും
ഉഷ്ണം പകുത്തോരാസന്ധ്യാകുംഭവും

കൊമ്പും കലപ്പയുടെ തണ്ടുംപിടിച്ചുകൊണ്ടൊരു
ദ്രുതതാളമുള്ളില്‍ പിറക്കുന്നു
കുരുതിക്കളമൊരുങ്ങുന്നു
മണ്ചിരാതുക്കളൊക്കെയും കണ്ണുകള്‍ പൂട്ടുന്നു
കനവും കിനാവും മെതിച്ചൊരാസന്നരാവും പറന്നെത്തി,
യിനിയേതുകകുത്സലീലകളുന്ടുരയ്ക്കാന്‍
പുനരധിവാസ പഥികന്റെ കഥയെന്ത്ചൊല്‍വാന്‍ !

സമയമായ് ..സമയമായ്..
രഥമുരുളുന്നു ..!!!

No comments: